പേജുകള്‍‌

ഷംനാസ്, ജനനം ഏപ്രില്‍ 10


"ഷംനാസ്" എന്നാണ് എനിക്കു പേരുള്ളത്...
 ഉമ്മയും ഉപ്പയും സ്നേഹത്തോടെ "ഷംനാ".. എന്നു നീട്ടി വിളിക്കും..
നാട്ടിലെ കളിക്കൂട്ടുകാര്‍ എടാ, പോടാ, ഷംനൂ എന്നൊക്കെ വിളിക്കും...

"ഷഹനാസ്" എന്നായിരുന്നു എനിക്കു ഒരു പ്രായം വരെ ഉണ്ടായിരുന്ന പേര്.. പിന്നീടത് "ഷംനാസ്" ആക്കി മാറ്റി... എനിക്കും ഇഷ്ടം ഇത് തന്നെ...
ഇടക്ക് വെച്ചു മാറ്റിയതുകൊണ്ടു, എന്‍റെ പേരിടാന്‍ എനിക്കു തന്നെ ഭാഗ്യം ലഭിച്ചു എന്നതാണു രസകരം..

"സെന്ന" എന്നു വിളിക്കുന്ന കൂട്ടുകാരും, "തെമ്മ" എന്നു പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊഞ്ചി വിളിക്കുന്ന കുട്ട്യോളും ഉണ്ട്...
"കുഞ്ഞാക്ക" എന്നാണ് വീട്ടിലെയും കുടുംബത്തിലെയും കുട്ടികളും, അനിയന്മാരും അവരുടെ സുഹൃത്തുക്കളും വിളിക്കാറുള്ളത്.. ആ വിളി ഇപ്പോ ഭാര്യയും ഏറ്റെടുത്തു കഴിഞ്ഞു...
"മത്തക്കുരു" എന്നു സ്കൂളിലെ കുട്ടികള്‍ വിളിക്കാറുണ്ടായിരുന്ന ഇരട്ടപ്പേരാണ് ഇപ്പൊഴും മനസ്സില്‍ ചിരി നല്‍കുന്നത്...

1980-ലെ ഏപ്രില്‍ മാസത്തിലെ 10ആം തിയ്യതിയിലെ ഒരു പകലില്‍ ഉച്ച സമയത്ത് 12.05നു തിരുവോണം നക്ഷത്രത്തിലാണ് ഞാന്‍ പിറന്നു വീണത്... (അറബിക് വര്‍ഷം 1400, മാസം 5 (ജമാദുല്‍ അവ്വല്‍) 25ആം തിയ്യതി) വ്യാഴാഴ്ച്ച...!!
10നു ജനിച്ചത് കൊണ്ടാവണം 10 എനിക്കു ഇഷ്ടപ്പെട്ട സംഖ്യയായത്.
ഞാന്‍ കണ്ട 10ആമത്തെ സ്ത്രീയാണ് എന്‍റെ ഭാര്യ ഫസീല.
ജനുവരിയിലെ 10നായിരുന്നു എന്‍റെ വിവാഹം, മുഹൂര്‍ത്തം (നിക്കാഹ്) കാലത്ത് 10 മണിക്കും.

വളയംകുളം എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ വീട്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ സംഗമ കേന്ദ്രമാണ് വളയംകുളം... ഇത് നമ്മുടെ കോഴിക്കോട് തൃശ്ശൂര്‍ സ്റ്റേറ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ കുന്നംകുളത്തിനടുത്തുള്ള സ്ഥലമാണ്.. ചാലിശ്ശേരി, ചങ്ങരംകുളം, ഇടപ്പാള്‍, പെരുമ്പിലാവ് എന്നിവയൊക്കെയാണ് എന്‍റെ അയല്‍നാടുകള്‍...

ഉമ്മയുടെ ഉയരവും, ഉപ്പയുടെ സ്നേഹവുമാണ് എനിക്കു പൈതൃകമായി ലഭിച്ചിരിക്കുന്നത് എന്നാണ്എന്‍റെ കണ്ടെത്തല്‍..
അതുകൊണ്ടു തന്നെ ഉയരം കുറവും, സ്നേഹം കൂടുതലുമാണ് എനിക്ക് എന്നാണ് എന്‍റെ ധാരണ... ;)

ഞങ്ങള്‍ 5 ആണ്‍ മക്കളാണ്... ഞാന്‍ രണ്ടാമന്‍...
ജ്യേഷ്ഠന്‍ ഷഹറാബ്, പിന്നെ എനിക്കു താഴെ 3 അനിയന്‍മാര്‍... ശബാബ്, പിന്നെ ഇരട്ടകളായ ശാബിത്ത്, ഷാക്കിത്ത് എന്നിവരും. പഞ്ചപാണ്ഡവന്‍മാരിലെ നകുല സഹദേവന്മാരെപ്പോലെ അനിയന്മാരായി ഇരട്ടകള്‍.. മക്കളില്‍ രണ്ടാമനായത് കൊണ്ട് ഞാന്‍ "ഭീമനായി" വരും, അല്ലേ..

ഉപ്പ പി.പി.എം.അഷ്റഫ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു.
ഉമ്മ ഖദീജ സാധാരണ വീട്ടമ്മയും.

അന്‍സാര്‍ഇംഗ്ലീഷ് സ്കൂള്‍-പെരുമ്പിലാവ്, മൂക്കുതല വടക്കുമ്മുറി - എസ്.എസ്.എം.യു.പി. സ്കൂള്‍, പാവിട്ടപ്പുറം നന്നമ്മുക്ക് ടെക്നിക്കല്‍ ഹൈ സ്കൂള്‍, പൊന്നാനി എം.ഇ.എസ് കോളേജ്, വളാഞ്ചേരി ആതവനാട് മര്‍ക്കസ് എന്നിവിടങ്ങളില്‍ നിന്നായി പലതരത്തിലുള്ള വിദ്യ-അഭ്യാസങ്ങളും പൂര്‍ത്തിയാക്കി വിദ്യയില്‍ ഇല്ലെങ്കിലും അഭ്യാസങ്ങളിലെങ്കിലും മികവ് തെളിയിച്ചു... ;)

ജീവിതത്തിലൂടെ പല പ്രണയങ്ങളും കടന്നു പോയിട്ടുണ്ട്..
പ്രണയത്തിന്‍റെ കറുപ്പും വെളുപ്പും തിരിച്ചറിഞ്ഞ കാലഘട്ടം...
എന്‍റെയുള്ളിലെ വിശുദ്ധ പ്രണയങ്ങളെ കാണാതെ പോയ കാമുകിമാരെ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിടും, എന്നിട്ട് മനസ്സില്‍ പറയും, അവര്‍ക്കങ്ങിനെതന്നെ വേണം..!! എന്നെ കിട്ടിയില്ലല്ലോ..!! ;)

ഇസ്ലാമിക വിശ്വാസിയാണ്. ദൈവത്തെ ഭയക്കുകയും, സ്നേഹിക്കുകയും, അങ്ങിനെതന്നെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസപരമായി ഒരുപടി മുന്നില്‍ ജീവിക്കാന്‍ കൊതിക്കുന്നു.. മറ്റെല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഇസ്ലാംമതം എന്നെ പഠിപ്പിച്ചത് കൊണ്ട് എല്ലാ മതസ്ഥരും നല്ല സുഹൃത്തുക്കള്‍, ആത്മമിത്രങ്ങള്‍......

ചെറുപ്പം മുതലേ സൌഹൃദവും കലയും ഒരു ഹരമായിരുന്നു..
അഭിനയിക്കുക എന്നത് അടങ്ങാത്ത ആവേശവും. ജില്ലാ, സംസ്ഥാന തലങ്ങളിലെല്ലാം കുറെ സമ്മാനങ്ങള്‍ വാരിക്കൂട്ടി ആ ആവേശത്തിന് നിറം പിടിപ്പിച്ചു...
സാഹിത്യവും ഇഷ്ടമായിരുന്നു... എഴുത്തും വായനയും ചെറുപ്രായത്തിലേ ശീലമായി.. ഉപ്പയുടെ അനിയന്‍ ഗഫൂര്‍ ആണ് എന്‍റെ സാഹിത്യചിന്തകള്‍ക്ക് ഗുരുവും വഴികാട്ടിയുമായത്...

സ്റ്റേജ് എവിടെ കണ്ടാലും ചാടിക്കയറി ഒരു കൊച്ചു മിമിക്രിയെങ്കിലും അവതരിപ്പിച്ചേ അടങ്ങാറുണ്ടായിരുന്നുള്ളൂ..
കലാഭവനിലെ താരങ്ങള്‍ക്കൊപ്പം കേരളത്തില്‍ കുറെ സ്റ്റേജുകളില്‍ കറങ്ങി. കൂടെ നാടകവുമായും കുറെക്കാലം ജീവിച്ചു. വളയംകുളത്തെ നാടക പ്രവര്‍ത്തകന്‍ അബുവും തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുമായിരുന്നു നാടകത്തിനു കൂട്ട്..

നാട്ടിലെ കലാപ്രവര്‍ത്തനം കൊണ്ട് നടത്തിയിരുന്ന ബിസിനെസ്സ് പൊളിച്ചടുക്കി കടം കയറിയപ്പോള്‍ എന്നെ ഇങ്ങോട്ട്, അബൂദാബിയിലേക്ക് വിമാനം കയറ്റിവിട്ടു വീട്ടുകാര്‍.. :(
അതുകൊണ്ടു ജീവിതം പഠിക്കാനായി..
ജീവിതത്തിന്‍റെ കയ്പ്പും മധുരവും..!!

ഇവിടെയും ഷോര്‍ട്ട് ഫിലിമും സിനിമയുമൊക്കെയായി ജീവിതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു..
ഇവിടെയാവുമ്പോ ജീവിതവും ജോലിയും സിനിമയും എല്ലാം കൃത്യമായി തന്നെ കൊണ്ട് പോകാന്‍ കഴിയുന്നു... സന്തോഷം.. സ്വസ്ഥം...

എന്നെ കുറിച്ചു എന്‍റെ ജന്മദിനത്തില്‍ ഒരു ചെറുപരിചയം എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തു എന്നേയുള്ളൂ.. ബോറടിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക...

എനിക്കു സൌഹൃദം സമ്മാനിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെല്ലാം ഒരുപാടിഷ്ടത്തോടെ സ്വന്തം ഷംനാസ്.....