പേജുകള്‍‌

കണ്ണീർപ്പുഴ

ഒരിക്കലൊഴുകിയിരുന്ന
തെളിനീരിന്‍റെ സാക്ഷ്യമാണ്
ഇന്നീ വരണ്ടു കാണുന്ന
വിണ്ടുകീറിയ
മുറിപ്പാടുകൾ..!!

ഭ്രൂണഹത്യ

നിലവിളികളായിരുന്നു
ചുറ്റിലും...!
വിശപ്പിന്‍റെ
അതിജീവനത്തിന്‍റെ..!!
എനിക്കു മുന്നി
വരിയിൽ
പണമുള്ളൊരുത്തി
വയറൊഴിപ്പിക്കാൻ
കാശെറിയുന്നത് കണ്ട്
തിരിച്ചു പോന്നു..!!!

സന്ധ്യ

നരച്ച മുടിയിഴകളുടെ
നൈർമ്മല്ല്യം
ഇരുൾവീണ കൺതടങ്ങളിൽ
വിയർപ്പ്
ചർമ്മത്തിൽ ചുളിവുകളുടെ
കോറിവര
ഇതെന്‍റെ അസ്തമിക്കുന്ന
യൗവനം

അയിത്തം

ദാഹവും മൂത്രശങ്കയും..!
വൈദ്യരുടെ ശാസനയില്‍
ലഡുവും ജിലേബിയും
രസമുകുളങ്ങളിലെ കയ്പ്പ്.!!

പ്രായശ്ചിത്തം

തെരുവിലൊരു പെണ്ണുടലിന്‍റെ
പിടച്ചിൽ
പുലഭ്യം ആഘോഷമാക്കി
ജനക്കൂട്ടം
മാധ്യമ വ്യഭിചാരികളുടെ
ശേഷക്രിയ
ആൺപിറവിയായതിലെന്‍റെ
കണ്ണീർമഴ

ഗൃഹാതുരം


കോൺക്രീറ്റു കാടുകളിൽ
പെട്ടെന്നൊരു മഴ; കുളിര്...!
ഉരുകിയ ജോലിപ്പകലിൽ
മനസ്സ്; നനഞ്ഞു നാട്ടിലെത്തി..!!

പ്രണയചിത്രം

 
കൈവഴുതി വീണുടഞ്ഞ
പ്രണയകാലം
വക്കുപൊട്ടിയ വാക്കുകൾ
പാതി മുറിഞ്ഞ ചുംബനം
ചിതറിത്തെറിച്ച
അപൂർണ്ണ ചിത്രങ്ങൾ
അവ്യക്ത കാഴ്ച്ചകൾക്കിടയിലും
തിളങ്ങുന്ന നിൻ മുഖം..!!
(ഇടവഴിയില്‍ നഷ്ടമായ എന്‍റെ പാറുവിന്)

മിഴിനീർ




ഹൃദയത്തിലുറഞ്ഞുകൂടി
ചങ്കിനുള്ളിലൊന്നു തടഞ്ഞ്
കണ്ണുകളിൽ കിനിഞ്ഞുയർന്ന്
കവിളിലൂടെ ചാലിട്ടൊഴുകുന്നവൾ

അഭയം



കടം കയറി വിളർത്ത ജീവിതം
ആക്രോശങ്ങളുടെ പെരുമഴ
ഒടുവിൽ ഇരുളിനെ സ്നേഹിച്ചു
കാലിൽ ചങ്ങലക്കൊളുത്തിട്ടു..!!

മുറിവ്

 

പ്രണയവിരഹം
കൊണ്ടെന്‍റെ
ഹൃദയം തകർന്നത്
ശരിയാക്കാമോ
ഡോക്ടർ..?!

ശരിയാക്കാം,
പക്ഷെ വേദനിക്കും..!!

ഓഹ്,
അവളു തന്ന
വേദനയേക്കാൾ
വലുതല്ലല്ലോ..!!!

വാട്സ് അപ്പ് (പ്പം)




അടുക്കളയിലെ അവൾ
ഒരു കൈയ്യിലെ മൊബൈൽ
മറു കൈയ്യിലെ ചട്ടുകം
അടുപ്പിലെ കരിയുന്ന അപ്പം..!!

മത്സ്യകന്യക


വ്യഥകളാൽ തനിച്ചാവുന്ന തീരങ്ങളിൽ
ഉടൽ നീന്തി കടൽകയറി വന്നെന്നെ
കൂട്ടിരിക്കുന്നൊരു സുന്ദരിപ്പെണ്ണിനെ
തിരയാറുണ്ട് ഞാനെന്നും വെറുതെ..!!

വിശപ്പ്


മനസ്സാണ് തലച്ചോറിനോട്
അക്കാര്യം ആദ്യം പറഞ്ഞത്...
ഒളിഞ്ഞു കേട്ട ആമാശയത്തിന്
പിന്നീട് സ്വസ്ഥത കിട്ടിയില്ല..!!

തനിയെ

പ്രണയം
ഓർമ്മകളിലെ
ചില വൈകുന്നേരങ്ങളിൽ
മനസ്സിന്‍റെ വിങ്ങലാവാറുണ്ട്...

തനിച്ചാവുന്നത്
പലപ്പൊഴും
നിറം മങ്ങിയ
വൈകുന്നേരങ്ങളിലാണ്...

പകുതിക്ക് വെച്ച്
നിർത്തുന്ന പലതും
ആസ്വാദനത്തിന്റെ
അപൂർണ്ണതകളാണ്...

പടിയിറങ്ങിപ്പോകുന്ന
അവളുടെ രൂപം
നിറഞ്ഞ മിഴികളിൽ
മഞ്ഞുപോലെ അവ്യക്തം...

തനിച്ചാക്കിയതിന്‍റെ
കാരണങ്ങളുടെ ഉത്തരങ്ങൾ
അജ്ഞാതമായി തുടരുന്നു..
മനസ്സിന്‍റെ വിങ്ങലും..!!!

കുറുന്തോട്ടിക്കാട്

കരിഞ്ഞുണങ്ങിയ ഇലവേരുകൾ
മൂകമായ കുന്നിന്‍പുറം
ഉഴുതുമറിച്ച് ആനക്കൈകൾ
രാവേറെ ചെന്നപ്പോളവിടെ
കുറുന്തോട്ടി വാതം മാറ്റാന്‍
സായിപ്പിന്‍റെ അറവുശാല..!!

കഴുവേറി

മരവിച്ച മതിൽകെട്ടിനകത്ത്
ഇരുള്‍ മൂടിയ മുറിക്കകത്ത്
മുഖാമുഖം നോക്കി രണ്ടുപേര്‍

ചുളിവു വീണ മുഖങ്ങളില്‍
ഇരുട്ടിനെക്കാള്‍ വലിയ മൂകത

ദ്രവിച്ച മതില്‍കെട്ടിനകത്തേക്ക്
ഓണക്കോടിയെറിഞ്ഞു കൊടുത്ത്
ഭാര്യയും മക്കളുമൊരുമിച്ച്
സദ്യയുണ്ണാൻ പോകുന്നുണ്ടൊരുത്തൻ..!!

ചാപിള്ള

 
കുഞ്ഞുടുപ്പിലെ വിരലുകള്‍..
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍..
തളം കെട്ടിയ ഇരുട്ടിനൊപ്പം,
അടിവയറ്റിലെ ശൂന്യത..!

ജീവരേഖ


ഇന്നലെ പിണങ്ങി
ഇന്ന് വീണ്ടും ഇണങ്ങി
നാളെ പിണങ്ങിയേക്കാം..

അതങ്ങിനെയാണല്ലോ..

ഇണങ്ങിയും
പിണങ്ങിയുമല്ലാതെ
പിന്നെന്ത് ജീവിതം..!

മാറ്റം



“മദ്യപാനത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് വാതോരാതെ സംസാരിച്ച ശേഷം അയാള്‍ നേരെ ബാറില്‍ കയറി മൂക്കറ്റം കുടിച്ചു തിമര്‍ത്തു”

മിനിക്കഥ വായിച്ച ശേഷം പത്രാധിപര്‍ പറഞ്ഞു,
“എടോ ഇത് പഴയ കഥയല്ലേ...”

“പഴയതായാലും പുതിയതായാലും ആളുകള്‍ മാറിയിട്ടില്ല സര്‍....!!”

മകള്‍

അമ്മയോട്
അവനെ പിരിയുന്നത്
വിരഹനോവെന്നവൾ

അവളോട്
സുഖമുള്ള നോവ്,
പേറ്റുനോവെന്ന് അമ്മ

അവർക്കിടയിൽ
ഒരു താരാട്ടുയർന്നത്
അവൾ മാത്രം കേട്ടില്ല

അവനോടൊപ്പം
ഇറങ്ങിപ്പോകവെ
അച്ഛന്‍റെ ഹൃദയനോവുയർന്നു

പതിയെ
നിശ്ചലമായി....

പുഞ്ചിരിയുടെ പ്രണയശാസ്ത്രം

നീയായിരുന്നു
എന്നിലാദ്യം പ്രണയം നിറച്ചത്..

നീ തന്നെയായിരുന്നു
എന്നിലെ പ്രണയത്തെ തുലച്ചതും..

ഇപ്പോൾ,
നമുക്കിടയിൽ,
ഒരു പുഞ്ചിരിയുടെ അകലം മാത്രം..

പുഞ്ചിരിച്ചില്ലെങ്കിൽ
ഇടവഴികളിൽ വഴിപിരിയുന്ന
അപരിചിത മുഖങ്ങളാവുന്ന
നീയും ഞാനും..!!

സ്റ്റാറ്റസ് അപ്ഡേറ്റ്

 
തൊട്ടിലില്‍ കിടന്നു കരയുന്ന തന്‍റെ കുഞ്ഞിനെ ശകാരിച്ച് അയാള്‍ വീണ്ടും മൊബൈലിലേക്കും ഫേസ്ബുക്കിലേക്കും മുഖം താഴ്ത്തി.

ശേഷം കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിക്കേണ്ടതിനെ കുറിച്ച് വാല്‍സല്യം കുത്തിനിറച്ച വാക്കുകളില്‍ അയാള്‍ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്തു.

ലൈക്കുകള്‍ പെരുകുന്നതിനൊപ്പം കുഞ്ഞിന്‍റെ കരച്ചില്‍ തളര്‍ന്നു തളര്‍ന്നു നേര്‍ത്തില്ലാതായി.

മരണ വാറണ്ട്

പറഞ്ഞ അവധികള്‍ വിസ്മൃതികളായി.

ഓരോ തേടി വരവിലും പുതിയ അവധികള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

പുലരികള്‍, വസന്തങ്ങള്‍, ഋതുക്കള്‍.....

മാറി വരുന്ന വേനല്‍ചൂടിന് പോലും അയാളുടെ നിശ്ശബ്ദതയുടെ അത്ര തീക്ഷ്ണത ഇല്ലായിരുന്നു.

ചില സമയത്ത്, കൈയ്യകലത്തില്‍ നിന്നും ഞാന്‍ മാറി നിന്നത് നന്നായെന്ന് തോന്നിയിരുന്നു. ഇല്ലെങ്കില്‍ അയാളുടെ പ്രഹരം എന്‍റെ ദേഹത്ത് കൊള്ളുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

വീണ്ടും വന്നപ്പോള്‍ അടുത്ത അവധി പറയാന്‍ തുനിയും മുമ്പ് അയാളെന്‍റെ വാക്കുകള്‍ക്ക് വിലങ്ങിട്ടു.

ഇനിയെനിക്ക് പറയാന്‍ അവധികളില്ലാത്ത വിധം മീസാന്‍ കല്ലില്‍ പേരെഴുതി കൊത്തി വെച്ചിരുന്നു.