
ഇതാണ് ഞാന്‍ കഴിച്ചതില്‍ വെച്ചു ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!!
ഇത് ഒരു അവകാഡോ പഴമാണ് (ബട്ടര്‍ ഫ്രൂട്ട്)
എന്റെ വീട്ടിലെ മുന്‍വശത്തു ഞാനും എന്റെ ഉപ്പയും കൂടെ ഒരു മഴക്കാലത്ത് നട്ടുവളര്‍ത്തിയ അവകാഡോ മരത്തില്‍ കായ്ച്ചത്..!!
നാട്ടില്‍ നിന്നും ഈ ഗള്‍ഫിലേക്ക് എനിക്കിത് അയച്ചു തന്നത് എന്റെ ഉമ്മയാണ്..
ഈ പഴം എനിക്കു പ്രിയപ്പെട്ടതാവാന്‍ ഒരു കാരണമുണ്ട്...
ഒരിക്കല്‍ ഞാനും ഉമ്മയും ചേര്‍ന്ന് ഞങ്ങളുടെ വീടിന് പുറകില്‍ ഇത്തിരി ചീര നട്ടു.
അത് വളര്‍ന്ന് വലുതാകുംവരെ ഞങ്ങള്‍ അതിനെ പരിചരിച്ചു കൊണ്ടിരുന്നു...
ഉമ്മയുടെ സ്നേഹം കൊണ്ടോ എന്തോ, അറിയില്ല, അത്രമാത്രം അത് തഴച്ചു വളര്‍ന്നിരുന്നു...!!!
ചീരതൈകള്‍ വളര്‍ന്ന് പറിച്ചെടുക്കാന്‍ പാകമായി...
ഞാന്‍ സ്വപ്നം കണ്ടു, അതുകൊണ്ടുള്ള മനോഹരമായ ഒരു ചീരക്കറി.. ഉമ്മയുടെ പ്രത്യേക രുചിക്കൂട്ടില്‍...!!!
അങ്ങിനെ ഉമ്മ ചീരയിലകള്‍ അരിഞ്ഞെടുത്ത് കറിയുണ്ടാക്കി. ഉമ്മയുടെ രീതിയില്‍ തന്നെ..
കറി
മോശമായത് കൊണ്ടല്ല, പക്ഷേ അത് ഞാന്‍ കരുതിയിരുന്നത് പോലെ ആയിരുന്നില്ല.. ഈ
മുളക് കറിയും തേങ്ങയരച്ച കറിയും പോലെ ഒരു ചെറിയ വ്യത്യാസം മാത്രം..
എനിക്കു
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. ഞാന്‍ ഉമ്മയോട് പിണങ്ങി വീട്ടില്‍
നിന്നും ഇറങ്ങി അപ്പുറത്തെ തറവാട്ടില്‍ വലിയുമ്മയോടൊപ്പം ചെന്നിരുന്നു...
ചീരക്കറി
എനിക്കിഷ്ടപ്പെടാത്തതും, ഞാന്‍ ഭക്ഷണത്തിന് മുന്നില്‍ നിന്നും എഴുന്നേറ്റ്
പോയതും ഉമ്മയെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു. ഞാനാണെങ്കില്‍ ഭക്ഷണം
കഴിക്കില്ലാ എന്ന വാശിയിലും..!!
ഉമ്മ എന്നെ അന്വേഷിച്ചു
തറവാട്ടിലേക്ക് വന്നു. ഓടിവന്നത് കൊണ്ട് ഉമ്മ കിതക്കുന്നുണ്ടായിരുന്നു.
ഉമ്മയുടെ കയ്യില്‍ ഒരു പാത്രം നിറയെ ചീരക്കറിയും..!!
എന്നെ
സ്നേഹത്തോടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അടുത്ത തവണ ഞാന്‍ ഉദ്ദേശിക്കുന്ന
പോലെ കറിയുണ്ടാക്കിത്തരാമെന്നും പറഞ്ഞു.. പക്ഷേ, ഞാന്‍ വാശിയോടെ അവിടെ
നിന്നും ഇറങ്ങിപ്പോയി..
പിന്നീട് രാത്രിയില്‍ മനസ്സില്ലാ മനസ്സോടെ ചീരക്കറിയും കൂട്ടി ഊണ് കഴിച്ചു.. നല്ല രുചിയുണ്ടായിരുന്നെങ്കിലും കനപ്പിച്ച മുഖത്തോട് കൂടിതന്നെ ഞാനത് കഴിച്ചു തീര്‍ത്തു..!!!
അന്ന് ഉമ്മ ഓടിക്കിതച്ചു വന്നതും, ഉമ്മയുടെ സങ്കടവും വിഷമവും, ഉമ്മയുടെ കണ്ണു നിറഞ്ഞിരുന്നതും, ഒന്നും ഞാന്‍ കണ്ടിരുന്നില്ല...!!!
മുതിര്‍ന്നപ്പോഴാണ്
അന്നത്തെ സംഭവങ്ങളും, ഉമ്മയുടെ സങ്കടം നിറഞ്ഞ ആ കണ്ണുകളും എന്റെ മനസ്സിനെ
ഇടക്കിടെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നത്.. എനിക്കു ഉറക്കം കിട്ടാത്ത
രാത്രികളും, കരഞ്ഞു തീര്‍ത്ത രാത്രികളുമുണ്ടായിരുന്നു..!!
ഒടുവില്‍,
ഈ അടുത്ത കാലത്ത് ഞാന്‍ എന്റെ ഉമ്മാക്കൊരു കത്തെഴുതി. അന്നത്തെ എന്റെ
പെരുമാറ്റവും, എന്റെ തെറ്റുകളും ഏറ്റുപറഞ്ഞുകൊണ്ട്, എന്നെ വെറുക്കരുതെന്ന്
യാചിച്ചു കൊണ്ടൊരു കത്ത്..!!!
എഴുത്തുകള്‍ക്ക് വാക്കിനെക്കാള്‍ മൂര്‍ച്ചയുണ്ടാവുമല്ലോ.. അതുകൊണ്ടു തന്നെ കത്തിലൂടെയുള്ള എന്റെ പാശ്ചാതാപത്തിനും...!!
ഉമ്മയുടെ മറുപടി ഫോണ്‍ വിളിയിലൂടെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു...!!!
എന്റെ
മനസ്സില്‍ മഴപെയ്യിച്ച ഒരു പൊട്ടിച്ചിരി..!! കൂടെ ഇങ്ങനെയൊരു വാക്കും,
"നീയിപ്പോഴും അതെല്ലാം ഓര്‍ത്തോണ്ടിരിക്ക്യാണോ..?!! അതൊക്കെ നിന്റെ
കുഞ്ഞുന്നാളിലെ കുറുമ്പായിട്ടാ ഞാന്‍ ആസ്വദിച്ചിരുന്നത്.."
ഉമ്മയുടെ പൊട്ടിച്ചിരി നിലക്കുന്നില്ല..
എത്ര പെട്ടെന്നാണ് എന്റെ മനസ്സിലെ മഞ്ഞുരുകിയത്..!!!
ഇപ്പോഴത്തെ സന്തോഷം, എന്നെക്കുറിച്ചു ഒരു തരി വെറുപ്പ് പോലും ഉമ്മയുടെ മനസ്സിലില്ല എന്ന സത്യമാണ്..!!!
ഇപ്പോള്‍
എനിക്കയച്ചുതന്ന ഈ അവകാഡോ പഴം ഞാന്‍ കുറച്ചു ദിവസം സൂക്ഷിച്ചു വെച്ചു.
ഇടക്കിടെ എടുത്തു അതില്‍ ചുംബിച്ചു കൊണ്ടിരുന്നു.. ഉമ്മാക്കുള്ള എന്റെ
പ്രിയപ്പെട്ട ഉമ്മകള്‍ പോലെ...
പണ്ട് ഞാനും ഉമ്മയും ചീര
നട്ടു വളര്‍ത്തിയതും, ഇപ്പോള്‍ ഞാന്‍ നട്ടു വളര്‍ത്തിയ അവകാഡോ മരത്തിന്റെ
പഴവും മനസ്സില്‍ നിറയുന്നു. അന്നത്തെ സങ്കടം ഇന്നത്തെ മധുരമായി
മാറിയതുപോലെ..!!
ഈ അവകാഡോ പഴം തന്നെയാണ് എനിക്കു ഈ ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം..!!
(കുഞ്ഞുന്നാളിലും മുതിര്‍ന്നപ്പോഴും നിങ്ങളിലാരെങ്കിലും
ഉമ്മയോടോ, അമ്മയോടോ കടുത്ത വാക്കുകളും പെരുമാറ്റങ്ങളും
ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ ഏറ്റുപറയാന്‍ വൈകിക്കരുത് എന്നു
സ്നേഹത്തോടെ ആവശ്യപ്പെടുന്നു... കഴിയുമെങ്കില്‍ ഇന്ന് തന്നെ, ഇപ്പോള്‍
തന്നെ...!! നാളെ ഞാനോ നിങ്ങളോ ഉണ്ടായെന്ന് വരില്ല..)