പേജുകള്‍‌

പേരിലെ പോര്...!!!

'ഷഹനാസ്....'
അതായിരുന്നു ഈയുള്ളവന്‍റെ ആദ്യത്തെയും, പണ്ടത്തെയും പേര്..!!

പിന്നീട് ആരൊക്കെയോ പ്രശസ്തമായ 'ഷഹനാസ് ഹുസൈന്‍' കോസ്മറ്റിക്സ്-നെ കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്ത്, അതൊരു പെണ്‍ പേരാണെന്നും പറഞ്ഞ്, എന്‍റെ പേരിനോട് സാമ്യമുള്ള 'ഷംനാസ്' തിരഞ്ഞെടുക്കാന്‍ അവസരം തന്നു...
(ആ പേരില്‍ പിന്നെയും തരുണികള്‍ ഉദയം ചെയ്തു എന്‍റെ പേരിനെ തോല്‍പ്പിച്ചു...)

മത്തക്കുരു, ഗുണ്ടുമണി, തുടങ്ങിയ വിളിപ്പേരുകള്‍ വീണത് സ്കൂളില്‍ പഠിക്കുമ്പോഴാണ്... അതെനിക്കത്ര ഇഷ്ടമായില്ല... ഹും..!! അതോര്‍മ്മയുള്ള ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ആ പേരുകള്‍ ഇപ്പൊഴും വിളിക്കുന്നത് ശ്രദ്ധയില്‍ പെടാഞ്ഞിട്ടൊന്നുമല്ല, പാവങ്ങള്‍ വിളിച്ചോട്ടെ എന്നു കരുതി ക്ഷമിക്കുന്നതാണ്... ചുമ്മാ.. ;)

അബുദാബിയില്‍ വന്നപ്പോഴാണ് പേരിന്‍റെ ഗുലുമാല് ശരിക്കും അറിഞ്ഞത്..!!
അറബികള്‍ക്ക് ഷംനാസ് അത്ര വഴങ്ങുന്നില്ലെന്നാ തോന്നുന്നേ..!
ഓഫീസില്‍ വന്നിരുന്ന ഉണ്ടച്ചിയായ അറബിച്ചി വിളിച്ചിരുന്നത് യാ ഷംസാന്‍ എന്നാണ്, ഇടക്ക് ഷംസുന്നാസ് എന്നു വിളിച്ചും കണ്‍ഫ്യൂഷനാക്കി..
മറ്റുള്ള അറബികള്‍ വായില്‍ തോന്നിയത് അല്‍-കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ ഷംഷാന്‍, ഷന്‍മാസ്, ഷംസ്, നാസ്, എന്നൊക്കെ വിളിച്ച് ഇളിച്ചു കാണിച്ചു...
കെ.പി. ഉമ്മറിനെപ്പോലുള്ള മിസിരി ബോസ്സ്  ഷമിനാസ് എന്നു വിളിച്ച് തല്‍ക്കാലം തടിതപ്പി..!!

രസമുള്ള ഓര്‍മ്മ നാട്ടിലെ ക്ലബ്ബുമായി ബന്ധപ്പെട്ട അലങ്കോല യോഗത്തിനിടയില്‍ ഉണ്ടായ സംഭവമാണ്..
വളയംകുളത്തെ പ്രശസ്തമായ സന്‍റോസ് ക്ലബ്ബിനെ കുറെ കാലം ചോര ജ്യൂസാക്കി വളര്‍ത്തിയെടുത്ത ഞങ്ങള്‍ കുറച്ചു പേര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്നു..
യോഗത്തില്‍ ചര്‍ച്ചകള്‍ കത്തിക്കയറി, എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍, കയ്യാങ്കളി വരെ എത്തിയ നിമിഷത്തില്‍ എണീറ്റ് നിന്നു ഞാന്‍ പതിയെ പറഞ്ഞു, ഒരു കാര്യം പറഞ്ഞോട്ടെ..?
പറയാന്‍ അനുവദിക്കില്ലെന്ന മട്ടില്‍ കലിതുള്ളി പലരും എണീറ്റു...

ഉടനെ അവര്‍ക്കിടയില്‍ നിന്നും ഒരു ആക്രോശം...!!!!

''സന്‍മനസ്സ് മിണ്ടിപ്പോകരുത്...!!!!!!"

ആകെ നിശബ്ദത....!! ഒരു നിമിഷത്തേക്ക്...മാത്രം...
പിന്നെ കേട്ടത് ഒരു കൂട്ടച്ചിരിയായിരുന്നു...
ക്ലബിന്‍റെ ചുവരുകള്‍ ചിരിയില്‍ പ്രകമ്പനം കൊണ്ടു...
ഇരു ചേരികളും കൈമെയ് മറന്നു ചിരിക്കുകയാണ്...

"സന്‍മനസ്സ്" - ഇതെന്‍റെ പേര് തന്നെയാണോ എന്ന മട്ടില്‍ ഞാനിങ്ങനെ കുന്തം വിഴുങ്ങി ചിരി തൊണ്ടയില്‍ കുടുങ്ങി വിഷണ്ണനായി നില്‍ക്കുന്നു..
അപ്പുറത്ത് രോഷത്തില്‍ വിറച്ചും, മറ്റുള്ളവരുടെ ചിരിയില്‍ അന്തിച്ചും 'ഏതാണ്ട് പോയ അണ്ണാനെ'പ്പോലെ എന്നെ പുതിയ പേര് വിളിച്ച മനക്കല്‍ കുന്നത്തെ കുട്ടനും...!!

ആലോചിച്ചു നോക്കിയപ്പോള്‍ നല്ല രസമുള്ള പേര് തന്നെ...
'സന്‍മനസ്സ്' - ഇത്രയും നല്ല പേര് ഇതുവരെ ആരും എന്നെ വിളിച്ചിട്ടില്ലെന്നാ തോന്നുന്നേ..

ഹൃദയവുമായി വളരെ അടുപ്പമുള്ള ചുരുക്കം സുഹൃത്തുക്കള്‍ ഇപ്പോഴും വിളിക്കുന്ന ഒരു പേരുണ്ട്, 'സെന്ന'
പണ്ട് ചില മാസികകളില്‍ ആ പേരിലായിരുന്നു കഥകളും കവിതകളും കുത്തിക്കുറിച്ച് കൊണ്ടിരുന്നത്..
ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സില്‍ സൌഹൃദം വളര്‍ന്നു വലുതാവും..ഇപ്പഴും..!! :)

ഉമ്മയും, ഉപ്പയും വിളിക്കുന്ന ഷംനാ, കുട്ട്യോളും കേട്ട്യോളും വിളിക്കുന്ന കുഞ്ഞാക്കാ, ചെറ്യേ കുട്ട്യോളു വിളിക്കുന്ന തെമ്മാ, ചെങ്ങായിമാര്‍ വിളിക്കുന്ന ഷംനൂ, ഷാനൂ തുടങ്ങിയ പേരുകളും സ്നേഹമായി ചുറ്റിലുമുണ്ട്...

"എടാ ഷംനാസേ...!!''
അയ്യോ, ദേ, ആരോ വിളിക്കുന്നു...
ഇപ്പോ വരാട്ടാ.. :)

ഒരു ഭീകരന്‍റെ സ്കൂള്‍ ഓര്‍മ്മ....!!!

ജൂണ്‍ മാസത്തിലെ മഴപെയ്യുന്ന രാവിലെകളില്‍ മടിപിടിച്ച് മൂടിപ്പുതച്ച് കിടക്കുന്നിടത്ത് നിന്നും ഉമ്മ കോരിയെടുത്ത് കിണറ്റിന്‍ കരയില്‍ നിറുത്തി തലവഴി വെള്ളമൊഴിക്കുമ്പോഴുള്ള ഒരു പിടച്ചിലുണ്ട്...!!
തണുത്തു മരവിച്ച് താടിയെല്ലുകള്‍ വിറച്ച് പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം അങ്ങ് ദൂരെ ബസ് സ്റ്റോപ്പ് വരെ കേള്‍ക്കാം....

മൂന്നര വയസ്സുമുതല്‍ തുടങ്ങിയിരുന്നു സ്കൂളിലേക്കുള്ള യാത്രകള്‍...
ഏറ്റവും രസകരമായ ഓര്‍മ്മ ഇത്തിരി, അല്ല ഒത്തിരി വാശി നിറഞ്ഞതാണ്...

ഒന്നൊന്നര മടിയന്‍സ് ആയിരുന്നു ഈയുള്ളവന്‍...!!
മടിയോട് കൊതിയായ ഒരു ദിവസം സ്കൂളില്‍ പോകില്ലെന്ന് ഉറപ്പിച്ച് ഒരു കിടത്തം കിടന്നു..
ഉമ്മ പതിവുപോലെ കുറെ വിളിച്ചു, ഞാന്‍ കണ്ണു തുറന്നതേയില്ല... പിന്നെ എന്നെ തൂക്കിയെടുത്ത് ഉമ്മ കിണറ്റിന്‍കരയില്‍ കൊണ്ടുപോയി തലവഴി പതിവ് വെള്ളം കോരിയൊഴിക്കല്‍...
വല്ലോരും കണ്ടാല്‍ അടിച്ചു പൂസായവനെ കിക്ക് ഇറക്കാന്‍ വെള്ളമൊഴിക്കുവാണെന്ന് തെറ്റിദ്ധരിച്ചു പോകും..!!

കുളി തീരുവോളം കണ്ണു തുറന്നില്ല... അല്ല തീര്‍ന്നിട്ടും...
കണ്ണടച്ച് തന്നെ പിടിച്ചു...!!
ഇതിനിടയില്‍ ഉമ്മ പല്ല് തേപ്പിച്ചതും, ഭക്ഷണം കഴിപ്പിച്ചതും, വസ്ത്രം അണിയിച്ചതും ഒന്നും എന്‍റെ വാശിയെ തോല്‍പ്പിച്ചില്ല...
ഞാനുണ്ടോ കണ്ണ്‍ തുറക്കുന്നു...

വീട്ടില്‍ ചിലര്‍ക്കെങ്കിലും എന്തോ പന്തികേട് തോന്നി..
പക്ഷേ ഉമ്മ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടു...

സ്കൂള്‍ ബസ് വന്നു, എന്നെ കാണാഞ്ഞിട്ടാവണം ഹോണ്‍ തുരുതുരാ അടിച്ചു.. ഒടുവില്‍ അത് സംഭവിച്ചു.. ഒരു വില്ലനെപ്പോലെ ക്ലീനര്‍ വന്നെന്നെ തൂക്കിയെടുത്ത് ബസ്സിലിട്ടു..
അയാള്‍ക്കും ഇച്ചിരി പന്തികേട് തോന്നിയിട്ടാവണം കണ്ണു തുറക്കാത്തതിന്‍റെ കാരണമന്വേഷിച്ചു.. മടിയായിട്ടാണെന്ന് മറുപടി കിട്ടിയപ്പോള്‍ വണ്ടി വിട്ടു...

ഇടക്ക് ചില കൂട്ടുകാര്‍ "ടാ, ആന പോകുന്നു, കുതിര പോകുന്നു" എന്നെല്ലാം പറഞ്ഞെന്നെ കണ്ണു തുറപ്പിക്കാന്‍ നോക്കി...
ഹെന്നോടാ കളി...!! :P ഇടം കണ്ണിട്ട് നോക്കി ആനയില്ലെന്ന് ഉറപ്പ് വരുത്തി കണ്ണുകള്‍ ശക്തിയായി തന്നെ അടച്ചു പിടിച്ചു...!!

ക്ലാസ്സിലും ഇതേ നിലയില്‍ തുടര്‍ന്നു...
ടീച്ചര്‍മാര്‍ പലരും മാറി വന്നു, ബെല്ലുകള്‍ പലതും മുഴങ്ങി മറിഞ്ഞു, നമ്മള് സ്ട്രോങ്ങായി തന്നെയിരുന്നു...!!

ഒടുവില്‍ പ്രിന്‍സിപ്പാള്‍ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു.. അന്ന്‍ അടുത്ത വീട്ടിലെ ആ പരിസരത്ത് ആകെയൊരു ഫോണ്‍ ഉള്ളൂ...
"കുട്ടിക്ക് കാര്യമായി എന്തോ ഉണ്ട്... ദയവായി നിങ്ങള്‍ അവനെ ഒന്നു വന്ന്‍ കൊണ്ടുപോയി ഒരു ഡോക്ടറെ കാണിക്കണം.."

ഇതില് വീട്ടുകാരൊന്ന് വിറച്ച മട്ടുണ്ട്... കാറ് വിളിച്ച് സ്കൂളിലെത്തിയ അവരും കണ്ടു, കണ്ണുകള്‍ അടച്ചു പിടിച്ച് ക്ലാസിന് പുറത്തു അവരെയും കാത്തു നില്‍ക്കുന്ന ഈ ഭീകരനെ...!!!
ക്രൂരനായ പ്രിന്‍സിപ്പാളിനോട് അന്നാദ്യമായി സ്നേഹം തോന്നിയ നിമിഷങ്ങള്‍...

ഒടുവില്‍ ആ സമരം ചെറുതായെങ്കിലും വിജയിച്ചു എന്ന്‍ പറയാം, കാരണം സ്കൂളില്‍ നിന്നും രണ്ടു മൂന്ന്‍ പിര്യെഡ് എങ്കിലും നേരെത്തേ ഇറങ്ങാന്‍ കഴിഞ്ഞല്ലോ...

ഒടുവില്‍ അജയ്യനായി, തുറന്നു പിടിച്ച 'ഉണ്ടക്കണ്ണു'മായി ഞാന്‍ കാറില്‍ വീട്ടില്‍ വന്നിറങ്ങുമ്പോഴും ഉമ്മയുടെ മുഖത്ത് ആ കള്ളച്ചിരി എനിക്കു കാണാമായിരുന്നു... അതിന്‍റെ അര്‍ത്ഥം ഇങ്ങനെ വായിച്ചെടുക്കാം... "ഹെടാ ഭയങ്കരാ..."

(കുറെ കാലം കഴിഞ്ഞത്തിന് ശേഷം, പ്രണയ കാലം തുടങ്ങിയതില്‍ പിന്നെ ഞായറാഴ്ച്ച പോലും സ്കൂളില്‍ പോയിട്ടുണ്ട്...)