പേജുകള്‍‌

നന്മ മരം

എന്റെ സിരകളിലേക്ക് സ്നേഹത്തിന്റെ അമൃത് ചാലിക്കുകയാണവര്‍ ആദ്യം ചെയ്തത്...!
പിന്നെ, വേര്‍പിരിയാനാകാത്ത വൈകാരിക ബന്ധത്തിന്റെ നേര്‍ത്ത ചുംബനം സമ്മാനിച്ചു...!!

കാലിടറി വീഴുന്ന ഓരോ ചുവടിലും ഒരു നെഞ്ചിടിപ്പോടെ ഓടിവന്നു എനിക്കുനേരെ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടിത്തന്നു..!
ഉറക്കത്തിലേക്കു മിഴിയടക്കുമ്പോഴെല്ലാം പട്ടുമെത്തയുടെ ഓരത്തിരുന്നു എന്റെ തലമുടി ഇഴകളിലൂടെ വിരലുകളോടിച്ചു എന്റെ നിദ്രയെ സുഖമുള്ളതാക്കി..!!

വിശപ്പിന്റെ വിളികളില്‍ കരിപ്പുകക്കുളില്‍ നിന്നും കിതച്ചും ചുമച്ചും ഓടിവന്നെനിക്ക് ചിരിക്കുന്ന മുഖത്തോടെ സ്നേഹത്തിന്റെയും ദയയുടെയും സദ്യ വിളമ്പി..!
വികൃതികളിലേക്കും കുസൃതികളിലേക്കും വഴുതി വീഴുമ്പോഴെല്ലാം എന്റെ ചെവിയില്‍ മൃദുവായി നോവിച്ചുകൊണ്ട് നന്മയുടെ നാട്ടുവഴികളിലേക്ക് നടത്തിച്ചു...!!

സ്വയം ഉണ്ണുവാനും ഉറങ്ങുവാനും മറന്നുകൊണ്ടവര്‍ എന്റെ വളര്‍ച്ചയിലേക്ക് നോക്കി ആനന്ദിച്ചു...!
ഇതൊക്കെയാണ് ഞാനറിഞ്ഞ എന്റെ അമ്മ / ഉമ്മ..!!

ചുരുക്കിപ്പറഞ്ഞാല്‍,
ചുരുക്കിപ്പറയാനാവാത്തവിധം വളര്‍ന്നു പന്തലിച്ചുകൊണ്ടേയിരിക്കുന്ന ഒരു നന്മ മരം...!!!!

(സമര്‍പ്പണം: എന്നില്‍ നന്മ വളര്‍ത്തിയ എന്റെ പ്രിയപ്പെട്ട ഉമ്മാക്ക്..)
ദൈവം സാക്ഷി.. ഇതെഴുതുമ്പോള്‍ എന്റെ മിഴികള്‍ നിറഞ്ഞതെന്തിനാവാം..

പിറവി


മാംസഭിത്തികളില്‍ അള്ളിപ്പിടിച്ചു ഇരുളില്‍ ചുരുണ്ടുകൂടിയാണ് ഞാന്‍ കിടന്നിരുന്നത്.

ചുരുണ്ടുകൂടി മുഷിഞ്ഞപ്പോഴാണ്‌ കൈകാലുകളിട്ടടിച്ചു പ്രതിഷേധിക്കാന്‍ തുടങ്ങിയത്..!!

പ്രതിഷേധത്തിനൊടുവില്‍ ഞാന്‍ മറ്റൊരു ലോകത്തിന്റെ വര്‍ണ്ണശോഭയിലേക്ക് പുറംതള്ളപ്പെടുകയായിരുന്നു...!!!

അവസ്ഥാന്തരം

ആദ്യമുണ്ടായത് മനസ്സിലൊരു മിന്നല്‍പ്പിണറായിരുന്നു..!!
ആദ്യം തോന്നിയതും അങ്ങിനെതന്നെ..!!!

പിന്നീടത് ചങ്കിലാരോ പിടിമുറുക്കുന്നത് പോലെയായി.
ശ്വാസംമുട്ടി മരിച്ചു പോകുമെന്ന് തോന്നി..!!

ഒടുവില്‍ പിടഞ്ഞു പിടഞ്ഞു തളര്‍ന്ന് വീണു..!!

പിന്നെ കനമില്ലാതെ വായുവില്‍ പറന്നു നടക്കുന്ന അപ്പൂപ്പന്‍താടിയായി മാറി...!!

പതിയെ പതിയെ മനസ്സിലെ വെളുത്ത തിരശ്ശീലയില്‍ നിറയെ കറുപ്പും ചുവപ്പും വരകളും കുറികളും നിറഞ്ഞു പെരുകാന്‍ തുടങ്ങി..!!!

പിന്നീടങ്ങോട്ട് ചിരിയായിരുന്നു..!!
കാരണമില്ലാതെ നിര്‍ത്താതെയുള്ള ചിരി..!!!

എന്തിനു ചിരിക്കുന്നു എന്നറിയാതെ ഞാനിപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്നു..
പക്ഷേ, കാലിലെ ചങ്ങലകള്‍ക്കറിയാമായിരുന്നു ആ ചിരിയുടെ പൊരുള്‍..!!!

രൗദ്രം

മഴയുടെ നൃത്തം മുറുകിയപ്പോള്‍ കയറ്റു കട്ടിലില്‍ കിടന്ന വൃദ്ധന്റെ ചുമ അതിനു താളം പിടിച്ചു...

അയാളുടെ കണ്ണുകളിലെ ചോദ്യം അയാളുടെ മകള്‍ക്ക് വായിച്ചെടുക്കാമായിരുന്നു...
"നാളെ ഞാന്‍ പോയാല്‍ നിനക്കാര്..?"

ഉത്തരം കിട്ടാത്തതിനാല്‍ അവള്‍ "ഉത്തര"ത്തിലേക്കു നോക്കി..

പിറ്റേന്ന് വൃദ്ധന്റെ ചുമ നിലച്ചു, മഴ തോര്‍ന്നിട്ടുണ്ടായിരുന്നില്ല..!!

അവളുടെ ഉത്തരം, "ഉത്തര"ത്തില്‍ തൂങ്ങിയാടി..!!!

അല്ലായിരുന്നെങ്കില്‍ അയാളുടെ ചോദ്യത്തിനുള്ള ഉത്തരം അവളുടെ ഉദരത്തില്‍ വളരുമായിരുന്നു..!!!

മഴയുടെ നൃത്തം പിന്നെയും മുറുകിക്കൊണ്ടിരുന്നു..!!!

നഷ്ടം

എന്റെ മൌനം മൂലം
നീയറിയാതെപോയ
നിന്റെ കാമുകനാണ് ഞാന്‍...

നീ ആസ്വദിക്കാതെപോയ
പനിനീര്‍പൂവിന്റെ
സുഗന്ധമാകാം ഞാന്‍...

ഇന്നലെവരെ
ഞാന്‍ നിന്നെ
പ്രണയിച്ചിരുന്നു..

ഇന്ന്,
നീയെനിക്ക്
നഷ്ടമായിരിക്കുന്നു..

എന്റെ നഷ്ടം
നീയാണ്..!!

നിനക്ക്
നഷ്ടങ്ങളില്ല..!!!
*****************************************