പേജുകള്‍‌

റിംഗ് ടോണ്‍..!!!














മൊബൈല്‍ ഫോണിനോടായിരുന്നു അവളുടെ ആദ്യ പ്രണയം...!!

പിന്നീടത്‌ ഫോണിലൂടെ ലഭിക്കുന്ന മിസ്കോളുകളോടായി...

എസ്.എം.എസ്സിനെ അവള്‍ പ്രണയിച്ചു തുടങ്ങിയത്,
അതിലെ വാക്കുകള്‍ക്ക് അക്ഷരങ്ങളെക്കാള്‍ മധുരമുണ്ടായപ്പോഴാണ്...

വഴിതെറ്റിവന്ന ഒരു മിസ്കോളിനൊപ്പം ഔട്ട്‌ ഗോയിങ്ങിനു പോയതിനു ശേഷമാണ് അവള്‍ ബ്ലൂടൂത്തിനെ അടുത്തറിഞ്ഞത്..,
ഒരു ഞെട്ടലോടെ..!!
അന്നവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ അവളുടെ ജീവിതം കൂടി അതിലുണ്ടായിരുന്നു..!!!

മൊബൈല്‍ ഫോണിനോടായിരുന്നു അവളുടെ ആദ്യ വെറുപ്പും...!!!

അകവും പുറവും


അമ്മയോട് തര്‍ക്കിച്ചാണ് അവള്‍ വീട് വിട്ടിറങ്ങിയത്‌...
പുറത്തു കാത്തു നില്‍ക്കാന്‍ അയാളുണ്ടായിരുന്നു...

കാത്തു നിന്നവന്റെ അരയില്‍ ചുറ്റിപ്പിടിച്ചു അവള്‍ നടന്നകലുമ്പോള്‍
അമ്മയുടെ കണ്ണുനീര്‍ തോര്‍ന്നിട്ടുണ്ടായിരുന്നില്ല...

ആ കണ്ണുനീര്‍ വീണു മുറ്റത്ത്‌ തീ പടര്‍ന്നു...!
ആ തീ ആളിപ്പടര്ന്നങ്ങിനെ
അവളുടെ സാരിത്തലപ്പില്‍ പിടിച്ചു കയറി...!!

വെന്തു വികൃതമായ ദേഹവുമായി
ഉണര്‍ന്നെണീക്കുമ്പോള്‍,
അവള്‍ അമ്മയുടെ മടിയിലായിരുന്നു തല ചായ്ചിരുന്നത്...
അപ്പോള്‍, പുറത്തു കാത്തു നില്‍ക്കാന്‍ അയാളുണ്ടായിരുന്നില്ല...!!
പുറത്തെന്നല്ല, അകത്തും....!!!

വെളിച്ചം


നിന്റെ നിഴലുകള്‍ തേടിയാണ് ഞാന്‍ വന്നത്..!!
നഷ്ടമായ എന്റെ നിഴലിനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു
എനിക്ക് നിന്റെ നിഴലുകള്‍....
പക്ഷെ,
ഇപ്പോള്‍,
നിന്റെ നിഴലുകള്‍
മറ്റൊരു വെളിച്ചത്തിനാല്‍ മാഞ്ഞു പോയിരിക്കുന്നു...!!!

ഓണ്‍ലൈന്‍


ഇനി ഞാനെന്‍റെ സങ്കടം പറയാം...
ഞാന്‍ മൂന്ന്‌ മാസം മുന്‍പൊരു പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങി...
അവള്‍ സുന്ദരിയായിരുന്നു..!!
അവളുടെ വാക്കുകളും..!!!

എനിക്കവളോട് പ്രണയമായിരുന്നു..
എന്നും എന്നോടവള്‍ സംസാരിക്കുമായിരുന്നു..
സൌഹൃദവും സന്തോഷവും പങ്കുവെക്കുമായിരുന്നു..
എന്‍റെ തമാശകളും സംസാരവും അവള്‍ക്കിഷ്ടമായിരുന്നു...
ഇപ്പോഴും അങ്ങിനെതന്നെയാണ്...

ഇന്നലെയാണ് അവളെന്നോട് പറഞ്ഞത്, അവള്‍ക്കൊരു കാമുകനുന്ടെന്നു..!!!!
ഞാന്‍ ഞെട്ടിപ്പോയി...!!!
അപ്പോള്‍ അവള്‍ എന്നോട് കാണിച്ചതെല്ലാം...??!!!

എനിക്ക് സഹിക്കാനായില്ല...

ഞാനിതാരോട് പറയും....

ഒടുവില്‍ ഞാനിത് എന്‍റെ ഭാര്യയോടു പറഞ്ഞു..!!!

അവളെന്‍റെ തന്തക്കു വിളിച്ചില്ല,
കാരണം അങ്ങേരൊരു പാവമാണെന്ന് അവള്‍ക്കറിയാം...

പകരം അവളെന്‍റെ മക്കളുടെ തന്തക്കു വിളിച്ചു...!!!
...............................ശുഭം..........................................

പ്രവാസിയുടെ ഭാര്യ





കാലമിനിയും പോകും,
വസന്തങ്ങള്‍ വരും പോകും...

ഈ നിലാവെളിച്ചത്തിന്റെ

ചുവട്ടിലിരിക്കുമ്പോള്‍
നിന്നെക്കുറിച്ച്
ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ...!!

നിന്റെ
കണ്ണുകളില്‍
ഞാനെന്നെ കാണുന്നു..
നിന്റെ ഓരോ ശ്വാസത്തിലും
ഞാനെന്റെ പ്രാണനെ കേള്‍ക്കുന്നു...

ഇവിടെ,

മണല്‍കാറ്റിന്പോലും
നിന്റെ സുഗന്ധം...
തല പിളര്‍ക്കുന്ന ചൂടിലും
നിന്റെ ഓര്‍മ്മകള്‍
എനിക്ക് തണലേകുന്നു...

പതിരാമയക്കങ്ങളില്‍

നിന്റെ നിഴലുകള്‍
എനിക്ക് കൂട്ടിരിക്കുന്നു..
മയങ്ങാതെ, ഉറങ്ങാതെ,
ഒരായിരം പ്രാര്തനകളായി..

എന്റെ
ചിന്തകളിലിപ്പോള്‍
നാടിന്റെ ഓര്‍മ്മകള്‍ ഉണരുന്നു..
വരാനിരിക്കുന്ന
ആ നല്ലദിനങ്ങള്‍
എന്റെ കയ്യെത്തുംദൂരത്ത്
എന്നെ മാടിവിളിക്കുന്നു..

പ്രിയസഖി,

ഉറങ്ങാതിരിക്കുക..,
മയങ്ങാതിരിക്കുക...,
നിന്റെ പടിവാതിലില്‍
മഞ്ഞുപെയ്യുന്ന ഒരുരാവില്‍
നീയെന്റെ വിളിക്കായ്
കാതോര്‍ത്തിരിക്കുക..

പ്രണയപുഷ്പങ്ങളുമായ്

നീയെന്നെ വരവേല്‍ക്കുക..

ഈ നിലാവുപെയ്യുന്ന രാവില്‍,

നിനക്കെന്‍റെ ശുഭരാത്രി നേരുന്നു....

സഖി












ഞാന്‍ കാണുമ്പോള്‍
നീയൊരു
സ്വപ്നത്തിലായിരുന്നു...

എന്നെ കണ്ടമാത്രയില്‍
നീ വിടരാന്‍ കൊതിച്ചതും
സൌരഭ്യം പൊഴിക്കാന്‍ തുടങ്ങിയതും
ഞാനറിഞ്ഞു...

നീ വിടര്‍ന്നത്
മണമുള്ള
ഒരു ചെമ്പകപ്പൂ പോലായിരുന്നു..

എന്റെ ജീവിതത്തിലേക്ക്
നീ പടര്‍ന്നു കയറിയത്
ഒരു മുല്ലവള്ളി പോലെയും..

നിന്റെ ഗന്ധം
എന്റേത്
കൂടിയാവാന്‍
നിന്നെക്കാള്‍ ഏറെ
ഞാനാഗ്രഹിച്ചു...

അതുകൊണ്ടായിരിക്കാം
എന്റെ വാരിയെല്ലിനാല്‍
നീ സൃഷ്ടിക്കപ്പെട്ടതും..!!

നിറങ്ങളും അവളും..




അവള്‍ക്കിഷ്ട്ടം
നിറങ്ങളോടായിരുന്നു...

എന്റെ
തുടുത്തു ചുവന്ന കവിളുകളില്‍ അവള്‍ ചുംബിച്ചിരുന്നു..
പ്രാവാസിയാകാന്‍ യാത്ര ചോദിച്ചപ്പോഴും അവളെന്റെ കവിളുകളില്‍ തലോടിയിരുന്നു...

ഒടുവില്‍
പ്രവാസിയായി തിരിച്ചെത്തിയപ്പോഴും ഞാനവളെ കണ്ടിരുന്നു...

അന്ന് പക്ഷെ, അവളെന്റെ കവിളുകളില്‍ തലോടിയില്ല...
അവളെന്റെ മുഖത്തേക്ക് നോക്കിയില്ല...

എന്റെ കവിളുകള്‍ മരുഭൂമിയിലെ മരുക്കാറ്റിനാല്‍ കരുവാളിച്ചിരുന്നു...

അപ്പോഴാണ് അവളുടെ ഇഷ്ടത്തെ കുറിച്ച് ഞാനോര്‍ക്കുന്നത്..
അവള്‍ക്കിഷ്ട്ടം നിറങ്ങളോടായിരുന്നല്ലോ...