'ഷഹനാസ്....'
അതായിരുന്നു ഈയുള്ളവന്‍റെ ആദ്യത്തെയും, പണ്ടത്തെയും പേര്..!!
പിന്നീട് ആരൊക്കെയോ പ്രശസ്തമായ 'ഷഹനാസ് ഹുസൈന്‍' കോസ്മറ്റിക്സ്-നെ കുറിച്ച് വീട്ടില്‍ ചര്‍ച്ച ചെയ്ത്, അതൊരു പെണ്‍ പേരാണെന്നും പറഞ്ഞ്, എന്‍റെ പേരിനോട് സാമ്യമുള്ള 'ഷംനാസ്' തിരഞ്ഞെടുക്കാന്‍ അവസരം തന്നു...
(ആ പേരില്‍ പിന്നെയും തരുണികള്‍ ഉദയം ചെയ്തു എന്‍റെ പേരിനെ തോല്‍പ്പിച്ചു...)
മത്തക്കുരു, ഗുണ്ടുമണി, തുടങ്ങിയ വിളിപ്പേരുകള്‍ വീണത് സ്കൂളില്‍ പഠിക്കുമ്പോഴാണ്... അതെനിക്കത്ര ഇഷ്ടമായില്ല... ഹും..!! അതോര്‍മ്മയുള്ള ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ആ പേരുകള്‍ ഇപ്പൊഴും വിളിക്കുന്നത് ശ്രദ്ധയില്‍ പെടാഞ്ഞിട്ടൊന്നുമല്ല, പാവങ്ങള്‍ വിളിച്ചോട്ടെ എന്നു കരുതി ക്ഷമിക്കുന്നതാണ്... ചുമ്മാ.. ;)
അബുദാബിയില്‍ വന്നപ്പോഴാണ് പേരിന്‍റെ ഗുലുമാല് ശരിക്കും അറിഞ്ഞത്..!!
അറബികള്‍ക്ക് ഷംനാസ് അത്ര വഴങ്ങുന്നില്ലെന്നാ തോന്നുന്നേ..!
ഓഫീസില്‍ വന്നിരുന്ന ഉണ്ടച്ചിയായ അറബിച്ചി വിളിച്ചിരുന്നത് യാ ഷംസാന്‍ എന്നാണ്, ഇടക്ക് ഷംസുന്നാസ് എന്നു വിളിച്ചും കണ്‍ഫ്യൂഷനാക്കി..
മറ്റുള്ള അറബികള്‍ വായില്‍ തോന്നിയത് അല്‍-കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ ഷംഷാന്‍, ഷന്‍മാസ്, ഷംസ്, നാസ്, എന്നൊക്കെ വിളിച്ച് ഇളിച്ചു കാണിച്ചു...
കെ.പി. ഉമ്മറിനെപ്പോലുള്ള മിസിരി ബോസ്സ് ഷമിനാസ് എന്നു വിളിച്ച് തല്‍ക്കാലം തടിതപ്പി..!!
രസമുള്ള ഓര്‍മ്മ നാട്ടിലെ ക്ലബ്ബുമായി ബന്ധപ്പെട്ട അലങ്കോല യോഗത്തിനിടയില്‍ ഉണ്ടായ സംഭവമാണ്..
വളയംകുളത്തെ പ്രശസ്തമായ സന്‍റോസ് ക്ലബ്ബിനെ കുറെ കാലം ചോര ജ്യൂസാക്കി വളര്‍ത്തിയെടുത്ത ഞങ്ങള്‍ കുറച്ചു പേര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്നു..
യോഗത്തില്‍ ചര്‍ച്ചകള്‍ കത്തിക്കയറി, എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍, കയ്യാങ്കളി വരെ എത്തിയ നിമിഷത്തില്‍ എണീറ്റ് നിന്നു ഞാന്‍ പതിയെ പറഞ്ഞു, ഒരു കാര്യം പറഞ്ഞോട്ടെ..?
പറയാന്‍ അനുവദിക്കില്ലെന്ന മട്ടില്‍ കലിതുള്ളി പലരും എണീറ്റു...
ഉടനെ അവര്‍ക്കിടയില്‍ നിന്നും ഒരു ആക്രോശം...!!!!
''സന്‍മനസ്സ് മിണ്ടിപ്പോകരുത്...!!!!!!"
ആകെ നിശബ്ദത....!! ഒരു നിമിഷത്തേക്ക്...മാത്രം...
പിന്നെ കേട്ടത് ഒരു കൂട്ടച്ചിരിയായിരുന്നു...
ക്ലബിന്‍റെ ചുവരുകള്‍ ചിരിയില്‍ പ്രകമ്പനം കൊണ്ടു...
ഇരു ചേരികളും കൈമെയ് മറന്നു ചിരിക്കുകയാണ്...
"സന്‍മനസ്സ്" - ഇതെന്‍റെ പേര് തന്നെയാണോ എന്ന മട്ടില്‍ ഞാനിങ്ങനെ കുന്തം വിഴുങ്ങി ചിരി തൊണ്ടയില്‍ കുടുങ്ങി വിഷണ്ണനായി നില്‍ക്കുന്നു..
അപ്പുറത്ത് രോഷത്തില്‍ വിറച്ചും, മറ്റുള്ളവരുടെ ചിരിയില്‍ അന്തിച്ചും 'ഏതാണ്ട് പോയ അണ്ണാനെ'പ്പോലെ എന്നെ പുതിയ പേര് വിളിച്ച മനക്കല്‍ കുന്നത്തെ കുട്ടനും...!!
ആലോചിച്ചു നോക്കിയപ്പോള്‍ നല്ല രസമുള്ള പേര് തന്നെ...
'സന്‍മനസ്സ്' - ഇത്രയും നല്ല പേര് ഇതുവരെ ആരും എന്നെ വിളിച്ചിട്ടില്ലെന്നാ തോന്നുന്നേ..
ഹൃദയവുമായി വളരെ അടുപ്പമുള്ള ചുരുക്കം സുഹൃത്തുക്കള്‍ ഇപ്പോഴും വിളിക്കുന്ന ഒരു പേരുണ്ട്, 'സെന്ന'
പണ്ട് ചില മാസികകളില്‍ ആ പേരിലായിരുന്നു കഥകളും കവിതകളും കുത്തിക്കുറിച്ച് കൊണ്ടിരുന്നത്..
ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സില്‍ സൌഹൃദം വളര്‍ന്നു വലുതാവും..ഇപ്പഴും..!! :)
ഉമ്മയും, ഉപ്പയും വിളിക്കുന്ന ഷംനാ, കുട്ട്യോളും കേട്ട്യോളും വിളിക്കുന്ന കുഞ്ഞാക്കാ, ചെറ്യേ കുട്ട്യോളു വിളിക്കുന്ന തെമ്മാ, ചെങ്ങായിമാര്‍ വിളിക്കുന്ന ഷംനൂ, ഷാനൂ തുടങ്ങിയ പേരുകളും സ്നേഹമായി ചുറ്റിലുമുണ്ട്...
"എടാ ഷംനാസേ...!!''
അയ്യോ, ദേ, ആരോ വിളിക്കുന്നു...
"എടാ ഷംനാസേ...!!''
അയ്യോ, ദേ, ആരോ വിളിക്കുന്നു...
ഇപ്പോ വരാട്ടാ.. :)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ